“നെച്ചൂ.. നീ
എന്തെടുക്കയാ??? ഒന്ന് വരുന്നുണ്ടോ നീ? ഈ നേരല്ല്യാ നേരത്താ ഓന്റെ espn കളി.. വേഗം
വന്നു ഡ്രസ്സ് മാറ് ചെക്കാ നിയ്യ്!”
“espn അല്ല ന്റെ
ഉമ്മച്ചി.. PSP ആണ് .. ഞാന്‍ ദാ വരുന്നൂന്നെ.. ഒരൊറ്റ ലെവെല് കൂടി മതി ലിയോനാര്‍ഡോ
അസിക്കാനെ വെട്ടിക്കാന്‍.. 2 മിനിറ്റ് പ്ലീസ്”
അങ്ങനെ പതിവ് പോലെ തന്നെ എന്‍റെ
വീട്ടിലെ ഇന്നത്തെ ടോം & ജെറി എപ്പിസോഡ് ആരംഭിച്ചു കഴിഞ്ഞു! ഇത് എന്നുമുള്ള
ഒരു പതിവായതു കൊണ്ടും ആകെ കിട്ടുന്നൊരു ഞായറാഴ്ച ഈ വഴക്കിനിടയിലേക്ക് എടുത്തു ചാടിയാല്‍
എന്‍റെ ഈ സുന്ധര ആലസ്യ നിമിഷങ്ങള്‍ക്ക് ഭംഗം വരുമെന്നത് കൊണ്ടും ഞാന്‍ സധൈര്യം എന്‍റെ
പത്രപാരായണത്തില്‍ ഉറച്ചു നില്ക്കാന്‍ തീരുമാനിച്ചു.. കഴിഞ്ഞ നാല് കൊല്ലമായി ഞാന്‍
സ്ഥിരം കാണുന്നതാണ് ഈ ഗുസ്തി! നെച്ചൂനും അവന്റെ ഉമ്മച്ചി സബിക്കും ജീവിതത്തില്‍
ആകെ ഉള്ള ഒരു ഹോബി ദിവസവുമുള്ള ഈ തല്ലു പിടുത്തമാണോ എന്ന് പലപ്രാവശ്യം ഞാന്‍
സംശയ്ചിട്ടുണ്ട്.. എണീക്കാന്‍ ഒരു ഇടി - ഉറങ്ങാന്‍ മറ്റൊന്ന്, തിന്നാന്‍ ഒന്ന് -
അത് പുറത്തേക്ക് കളയാന്‍ വേറൊന്നു, കുളിക്കാന്‍ ഒന്ന് – പല്ല് തേക്കാന്‍
മറ്റൊന്ന്.. അങ്ങനെ എന്തിനും ഏതിനും ഒരു തല്ലു നടത്തിയേ അവര്‍ കാര്യങ്ങള്‍ ഒരു തീരുമാനത്തിലെത്തിക്കൂ..
എത്ര മനോഹരമായ ആചാരങ്ങള്‍ ..!
“ലിയോനാര്‍ഡോ അസിക്കേ..
അതാരാടാ നെച്ചൂ?” ആദ്യമായി കേള്‍ക്കുകയാണ് അങ്ങനെ ഒരു പേര്.. ഞാന്‍ അത്ഭുതത്തോടെ
ചോദിച്ചു.
“നമ്മുടെ അസിക്ക പപ്പാ.. your brother’s son.. Azeem Najeeb…” PSPയില്‍ നിന്ന് കണ്ണെടുക്കാതെ തന്നെ നെച്ചു
പറഞ്ഞു.
എന്‍റെ ജ്യേഷ്ടന്‍ നജീബിന്റെ മകന്‍ ആണ് അസിന്‍. അവന്‍ നെച്ചൂനെക്കാളും 3 വയസ്സിനു മൂത്തതാണ്.
അവനു അസിന്‍ എന്ന പേരിട്ടതും ഞാനാണ്. എന്നിട്ടിപ്പോള്‍ എന്തോ ഒരു പുതിയ prefix! അതും
ഒരു ഇറ്റാലിയന്‍ ചിത്രകാരന്റെ!.. നജീബിക്ക എന്നോടൊന്നും പറഞ്ഞില്ലല്ലോ.. ചെറുപ്പം
മുതലേ വാപ്പാടെ സിമന്റ് കടയില്‍ ഇരിക്കുന്ന നജീബിക്കാക്ക് ഈ കലാകാരന്മാര്‍ എന്ന്
പറയുന്ന ഖൌമിനെ എല്ലാം ഒരു പുച്ഛമായിരുന്നു.. പൈസ ഉള്ള വാപ്പാമാരുടെ ഒരു പണിയും
ചെയ്യാത്ത മുടിയന്മാരായ മക്കളാണ് മൂപരുടെ ഭാഷയില്‍ കലാകാരന്മാര്‍! ആ ആള് എന്ന്
മുതലാണ് ഈ ചിത്രകാരന്മാരെ ഒക്കെ
ബഹുമാനിച്ച് തുടങ്ങിയത്?? അതും വിഖ്യാത ഇറ്റാലിയന്‍ ചിത്രകാരനെ! അതോ ഇനി ലിയോനാര്‍ഡോ
എന്നാല്‍ വേറെ എന്തെങ്ങിലും അറബി അര്‍ത്തമുണ്ടോ? അങ്ങനെ ഒരു ആയിരം ചോദ്യ
ചിഹ്നങ്ങള്‍ എന്‍റെ തലക്കുമെലെയും ചുറ്റുമായി പാറി കളിച്ചു..
“അതെന്നാ അവന്റെ പേര് മാറ്റിയത്? നിന്റെ മൂത്താപ്പ ഒന്നും പറഞ്ഞില്ലല്ലോ?” എനിക്ക്
എന്‍റെ മേല്‍ പാറി കളിക്കുന്ന ചോദ്യ ചിഹ്നങ്ങളെ ഒതുക്കി നിര്‍ത്താന്‍
പറ്റിയില്ല..
“ഓ പപ്പാ .. He is one among us. We are Ninja Turtles.. കേട്ടിട്ടില്ലേ, Teenage Mutant Ninja Turtles??? I am Raphael, Vedhu is
Michael Angelo and Sakshi is Donatello. Actually, നിന്ജ ടര്‍ട്ടെല്‍സെല്ലാം ബോയ്സ്
ആണ്.. but we let Sakshi also in. We
all changed our names!” എന്നെ നോക്കി നെച്ചു പറഞ്ഞു. കളി തടസ്സപെട്ടതിലുള്ള ദേഷ്യവും IQവില്‍
അവനെക്കാള്‍ താഴെയുള്ള എന്‍റെ പരിതാപകരമായ അവസ്ഥയോടുള്ള അവജ്ഞയും എല്ലാം സമാസമം
ചേര്‍ന്ന ഒരു നോട്ടമായിരുന്നു അവന്റെത്.. ആത്മാഭിമാനത്തില്‍ ചെറുതായി scratch
വീണെങ്കിലും അവന്റെ ഈ ന്യൂ ജനറേഷന്‍ ബുദ്ധിയില്‍ ഞാന്‍ അഭിമാനം കൊണ്ടു.. ബുദ്ധിശക്തിയില്‍ അവന്റെ ഉമ്മാടെ പോലെ
ആകാത്തത്തില്‍ ഞാന്‍ ഉള്ളാലെ എന്നെ തന്നെ അഭിനന്ദിച്ചു.. വെല്‍ ഡന്‍ നസീര്‍.. അഹങ്കാരത്തോടെ
ഞാന്‍ പതുക്കെ എന്‍റെ പത്രത്തിലേക്ക് തന്നെ ചൂഴ്ന്നിറങ്ങി..
“അല്ലാ.. ങ്ങള് ഓന്റെ
വല്ല്യ വര്‍ത്തമാനം കേട്ടിരുന്നു പേപ്പര്‍ വായിക്ക്യാ.. എനിക്ക് ഒരു സെറ്റ് കയ്യും
കാലും അല്ലെ ഉള്ളൂ.. ഇങ്ങളെ പോലെ ഇങ്ങനെ ഇരുന്നു പേപ്പറ് വായിക്കാന്‍ ഇക്ക്
പൂതില്ലാണ്ടാ.. ഇങ്ങല്ടെ ഒക്കെ ചായേം കുടീം കഴിഞ്ഞ് വേണം എനിക്ക് മരിച്ചോടുത്തു
പോവാന്‍. ഇങ്ങക്കോ വരാന്‍ പറ്റൂലാ.... എന്നാ ആ ചെക്കനെ വെറുതെ കൊന്ജിച്ചു
വഷളാക്കണാ?” വിഗ്നങ്ങളും ആയി സബി വീണ്ടും.. ഒരു പക്ഷെ ഞാന്‍ ജീവിതത്തില്‍ ഏറ്റവും
കേട്ടിട്ടുള്ളതും കേള്‍ക്കാന്‍ പോകുന്നതുമായ ഒരേ ഒരു ഡയലോഗ് ആയിരിക്കും “ഓരോ
സെറ്റ് കയ്യും കാലും!” എന്‍റെ ഉമ്മ മുതല്‍ ഇപ്പൊ സബി വരെ.. പെണ്ണുങ്ങള്‍ക്ക്, ഇതേ
വാക്യം കാലാകാലമായി ഉരുവിടുമ്പോള്‍ ഒരു ആവര്‍ത്തനവിരസതയും ഇല്ലേ.. ഇതിന് മാത്രം ഒരു
കാലപരിണാമവും വരുന്നില്ലല്ലോ ഈശ്വരാ..
“എടീ.. ഇത് വല്ല്യ വര്‍ത്തമാനം
എന്ന് പറഞ്ഞു തള്ളി കളയല്ലേ.. ഇവരാണ് ന്യൂ ജനറേഷന്‍. നമ്മളെക്കാളും updated ആണ്
ഇവര്‍. നിനക്ക് ഇപ്പോഴും നിന്റെ ഫോണിന്റെ എല്ലാ ഫീചേഴ്സും അറിയുമോ? നെച്ചൂ ഐ
പാഡില്‍ കളിക്കാത്ത കളിയുണ്ടോ? അവന്‍ പറയുന്നത് മോഡേണ്‍ കാരക്ട്ടെഴ്സിനെ
കുറിച്ചാണ്.. അവന്‍ വായിക്കട്ടെ.. ഈ e-യുഗത്തില്‍
കളിച്ചു വളരട്ടെ.. അല്ലാണ്ട് ബദുക്കൂസ് ആയല്ല..!” പതുക്കെ ഒരു കുത്തും, കൂടെ ഒരു
തലോടലും! ഞാനാരാ മോന്‍!
“മേലെയിലെ സൈദാലിക്കയും ഞങ്ങളും
എങ്ങനെ കഴിഞ്ഞിരുന്നോരാ.. മൂപ്പര് വയ്യാണ്ട് കിടക്കുമ്പോ ഒന്ന് പോയി കാണാന്‍
ഇങ്ങക്ക് പറ്റിയില്ല.. ഇപ്പൊ മൂപ്പര് മരിച്ചൂന്ന് രാവിലെ തന്നെ മുജീബ് അറിയിച്ചതല്ലേ?..
ഒന്ന് പോയി കണ്ടില്ലേല്‍ താഹിറാത്ത എന്ത് വിജാരിക്കും.. അതെങ്ങിനെയാ, ഇന്‍റെ
കൂട്ടക്കാരെ ഇങ്ങള്‍ക്ക് കണ്ണെടുത്താ കണ്ടൂടല്ലോ!..” സബി വിടാനുള്ള ലക്ഷണമില്ല..
കൂട്ടത്തില്‍ ചേരുംപടിയായി കണ്ണീരും വന്നു തുടങ്ങിയിരിക്കുന്നു..
ഞങ്ങളുടെ കല്യാണത്തിന് മുന്‍പുതന്നെ പരാലിസിസ് വന്നു കിടപ്പിലായിരുന്നു
സൈദാലിക്ക.. സബിയുടെ ഉമ്മുമ്മാടെ (ഉമ്മാടെ ഉമ്മയുടെ) അയല്‍വാസി. പരസ്പരം
ബന്ധുക്കളല്ലായിരുന്നെങ്ങിലും അവരുടെ വീടുകള്‍ തമ്മില്‍ ബന്ധങ്ങള്‍ക്കും അതീതമായ സൌഹൃദമായിരുന്നു..
സബിയുടെ ഉപ്പുപ്പാടെ അകാല മരണത്തിന്നു ശേഷം ആ കുടുംബത്തെ ഒരു പാട്
സഹായിച്ചിട്ടുണ്ട് സൈദാലിക്കയും കുടുംബവും. ആ സ്നേഹം അവര്‍ക്കിടയില്‍ ഇപ്പോഴും ഉണ്ട്.
അള മുറിയാതെ..
“ഇന്‍റെ സബീ. അന്റെ ആങ്ങള മുജീബിനു പണ്ടേ ഞാന്‍ വീട്ടിലിരുക്കുന്നത് ഇഷ്ടല്ല..
ഓര് കച്ച്ചോടക്കാര്‍ക്ക് എന്ത് ഞായറാഴ്ച.. അതിന്‍റെ കുനിട്ടാ ഓന്ക്ക്. പിന്നെ
സൈദാലിക്ക നിന്റെ വെല്ലിമ്മാടെ അയല്‍വാസിയാ, അല്ലാതെ ബന്ധക്കാരും കൂട്ടക്കാരോന്നും അല്ല....
മൂപ്പരാനെങ്ങില്‍ കഴിഞ്ഞ 12 കൊല്ലായി ഒരേ കിടപ്പിലു തന്നല്ലായിരുന്നോ??
മൂപ്പരുക്ക് വേണ്ടി ഞാന്‍ ഇവിടെ ഇരുന്നു ദുആ ചെയ്തോളാം.. നീ പോയി കണ്ടാ മതി..
നിനക്കറിയാലോ, ആകെ കിട്ടണ ഞായരാഴ്ച്ചയാ, ഒന്ന് റസ്റ്റ് എടുക്കട്ടെ മോളെ.” എന്തിനാ
വെറുതെ നല്ലൊരു weekend തല്ലു കൂടി കളയനത് എന്ന് കരുതി ഇരച്ചു വന്ന ദേഷ്യം
പല്ലിന്റെ ബൌണ്ടറിക്കുള്ളില്‍, നാവിന്‍റെ കീഴെ അങ്ങ് പറ്റിച്ചു വെച്ചു, ക്ലോസിംഗ്
quote തേനില്‍ മുക്കി അങ്ങ് തൊടുത്തു.. ഹല്ലാ പിന്നേ, എന്നോടാ കളി!
“ഇന്നാ ശരി, ഇങ്ങളോ
വരണില്ല്യ.. ന്നാ നെച്ചൂനെ എങ്കിലും ഇങ്ങക്കൊന്നു ഒരുക്കി തന്നൂടെ...” ദേ വീണ്ടും!
ഇവള്‍ ഒതുങ്ങുന്ന ലക്ഷണം ഒന്നും ഇല്ലാന്ന് തോന്നുന്നു! ഇപ്പൊ എന്നെ അതിലും വല്ല്യ
ദൌത്യം ഏല്‍പ്പിചിരിക്കുന്നു.. അതും നെച്ചൂനെ ഒരുക്കാന്‍! ഇതിലും നല്ലത് വണ്ടി
ഓടിച്ചു പോയി മരിച്ച സൈദാലിക്കാനെ കാണലാണ്! പക്ഷെ നമ്മള്‍ അത് കാണിക്കാന്‍ പാടില്ലല്ലോ,,
അല്ലെങ്ങില്‍ അവള്‍ വിചാരിക്കും കുട്ടികളെ നോക്കലാണ് ലോകത്തിലേ ഏറ്റവും വലിയ പണി എന്ന്.. അത് ഈ ലോകത്തില്‍ ഒരു ഭര്‍ത്താവും
സമ്മതിക്കാന്‍ പോണില്ല.. പിന്നല്ലേ ഞാന്‍. ഹും, വിടമാട്ടേന്‍!
“സബീ.. ഇങ്ങള് ഉമ്മേം
മോനും തമ്മിലുള്ള ടോം & ജെറി കളിയില്‍ എന്തിനാ വെറുതെ ഈ സ്പൈകിനെ വിളിക്കണേ..
അത് നിങ്ങള് തമ്മില്‍ തീര്‍ക്കുന്നതല്ലേ ബുദ്ധി?” അങ്ങനെ വിടാന്‍ പറ്റുവോ?? അല്ല
പിന്നെ!
“സ്പൈക്കോ? ഇങ്ങളെ നസീറ്
ന്നല്ലേ എല്ലാരും വിളിക്കല്?” ..
“ന്‍റെ ഉമ്മച്ചി.. ടോം
& ജെറി ലെ നായടെ പേരാണ് സ്പൈക്ക്, ടൈക്കിന്റെ പപ്പാ.. ബുച്ച് ന്നും
വിളിക്കും..” നെച്ചൂന്റെ ഉത്തരം പെട്ടന്നായിരുന്നു... അതും പുച്ഛരസമുള്ള ഒരു
ചെറുപുഞ്ചിരി സഹിതം.. തന്റെ GK യിലുള്ള (General Knowledge) അപാരമായ അവഗാഹതിന്നു
എതിരേ ചീറി വന്ന ഒരു ട്രോണ്‍ മിസ്സൈല്‍ ആയിരുന്നു ആ മറുപടി എങ്കിലും, മകന്‍റെ അതി
ഭീകരമായ ബുദ്ധിശക്തിയില്‍ അതിശയിച്ചു, സബിയുടെ അമ്മ മനസ്സ് ഒന്ന് പുളകം കൊണ്ടു..
“നിങ്ങടെ ഒരു സ്പൈക്കും
ടൈക്കും.. നാസിക്ക, ഇങ്ങള് ഓനെ ഒരുക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഞാന്‍ പോയിട്ട്
വരാം.. കുട്ടനിപ്പോ വണ്ടിയുമായി വരും.. എനിക്ക് സമയല്ല്യ.. അവന്‍ ഇവിടെ ഇരുന്നു
espnഓ സ്റ്റാര്‍ പ്ലസ് ഓ കളിക്കട്ടെ.. ഇങ്ങള് നോക്കിയാ മതി..” തിളച്ചു വന്ന പുളകം
ഉള്ളിലൊതുക്കി ദാ വരുന്നു അവളുടെ ബ്രഹ്മാസ്ത്രം!
“ഇന്‍റെ അള്ളോ..” അറിയാതെ ഒരു ആത്മഗതം വന്നു പോയി.. നെച്ചൂനെ നോക്കി നല്ലൊരു
സണ്‍ഡേക്ക് മേല്‍ ഞാന്‍ വണ്ടി കേറ്റണോ.. ഹോ, അതോര്‍ക്കാനേ വയ്യ.. എന്‍റെ മോന്‍
ആയതു കൊണ്ട് അഹങ്കരിക്കുകയാണ് എന്ന് വിജാരിക്കരുത്.. ഇമ്മാതിരി സൈസ് ഞങ്ങടെ
ലോകാലിടിയില്‍ ഇല്ലാന്നാ അയല്‍വാസികളെല്ലാം പറയുന്നത്.. സ്കൂളില്‍ നിന്നും വരുന്ന
റിപ്പോര്‍ട്ടുകളും ഇത് ശരി വെക്കുന്നു. പിന്നേ, സബി ജോലിക്കൊന്നും പോകാത്തത്
കൊണ്ട് ഇടയ്ക്കിടയ്ക്ക് സ്കൂളില്‍ നിന്ന് വിളി വരുമ്പോള്‍ എല്ലാം അവിടം വരെ പോകാന്‍
അവള്‍ക്കു സൌകര്യം ഉണ്ട്.. അതാണ് എന്‍റെ ഒരു സമാധാനവും!
ഈ weekend ബേബി സിട്ടിങ്ങിനു മാറ്റി വെക്കുന്നതിലും നല്ലത് നെച്ചൂനെ
എങ്ങനെയെങ്ങിലും ഒരുക്കി ഇവളുടെ കൂടെ വിടുന്നതാണ്. കുറേ കാലമായി മുടങ്ങി
കിടക്കുന്ന എഴുത്ത് ഇന്ന് തുടങ്ങണം എന്ന് പ്ലാന്‍ ചെയ്തതാണ്.. കഴിഞ്ഞ കുറേ മാസമായി
ബിസിനെസ്സ് ട്രിപ്പും ഓഡിട്ടിങ്ങും മറ്റുമായി വളരെ ജോലി തിരക്കിലായിരുന്നു..
ഇന്നലെ മുതലാണ് ഒന്ന് ഫ്രീ ആയതു.. മാത്രമല്ല, വൈകീട്ട് ശ്രീ രാമേട്ടന്റെ വീട്ടില്‍
ലൈബ്രറി ക്ലബ്ബിന്റെ സാഹിത്യ സദസ്സും ഉണ്ട്.. PKV യും നെമ്മാറയും ഒക്കെ
പങ്കെടുക്കുന്നുണ്ട്.. അതെല്ലാം ഇവള്‍ ഇന്ന് തകിടുപൊടി ആക്കും!
“ഇന്‍റെ സബീന ബാനു, espnഉം സ്റ്റാര്‍ പ്ലസും ഒന്നും അല്ലടീ അത്.. ഇന്‍റെ
നെച്ചൂന്റെ ബുദ്ധി കൂടി അനക്ക് ഇല്ലാണ്ടു പോയല്ലോ? ഇയ്യ് എന്തൂട്ട് പടിച്ച്ചൂന്നാ
പറഞ്ഞെ? BSc കമ്പ്യൂട്ടര്‍ സയന്‍സാ? ആരോടും പറയണ്ടാട്ടാ ഇയ്യ്.. ഇതാണ് ഞങ്ങടെ
പാര്‍ട്ടിക്കാര് ഈ സ്വാശ്രയ കോളേജ്കള്‍ക്ക് എതിരായി കാലാകാലമായി സമരം ചെയ്യുന്നത്..
ഇമ്മാതിരി ആള്‍ക്കാരെ അല്ലെ ഓര് പടച്ചു വിടുന്നത്.. ! ഇനി ഇയ്യ് ഇന്‍റെ നെച്ചൂന്‍റെ
കൂടെ കൂടി കുറച്ചു IQ കൂട്ട്.. മോനെ, നെച്ചൂ.. ഇങ്ങു വാ.. പപ്പാ ഒരുക്കി തരാം..” ഇനി
ഇതേ ഉള്ളൂ വഴി.. വേഗം അവനെ എന്‍റെ സൈഡ് ആക്കി
തഞ്ചത്തില്‍ ഒരുക്കി വിടാം.. അല്ലാതെ മെരുങ്ങുന്നവനല്ല കരിമ്പനകത്തു നസീര്‍
മകന്‍ നസ്വാന്‍ അഥവാ ഞങ്ങളുടെ നെച്ചു! എന്‍റെ അവസരോജിതമായ ബുദ്ധിശക്തിയിലും,
വാക്ചാതുര്യത്തിലും സ്വയം അഭിമാനം കൊണ്ട് ഞാന്‍ നെച്ചൂനെ വിളിച്ചു.
“മോനെ, നീ pspയും കയ്യിലെടുത്തോ.. വേഗം
വാ, പപ്പാ പെട്ടെന്ന് ഡ്രസ്സ് മാറ്റി തരാം. എന്നിട്ട് കളികാനിരുന്നോ....വണ്ടി ഇപ്പൊ വരും ”
മയത്തില്‍ ഞാന്‍ അവനെ വിളിച്ചിരുത്തി.. ഒരു വിധത്തില്‍ ഡ്രസ്സും ഷൂസും എല്ലാം
ഇടുവിപ്പിച്ചു.. അവസാന മിനുക്ക് പണിയായി മുടി ചീകുംപോഴാണ് എപ്പോഴത്തെയും പോലെ നെച്ചൂന്റെ
ഡൌട്ട്: “പപ്പാ, ഞങ്ങള്‍ എങ്ങോട്ടാ പോണത്?”
“അത് മോനെ, ഉമ്മുമ്മാടെ വീടിന്റെ അടുത്തുള്ളൊരു അങ്കിള്‍ മരിച്ചു. അപ്പോള്‍
നമ്മള്‍ അവിടെ പോയി ആ മയ്യത്ത് കാണണ്ടേ? അതിനാണ് അങ്ങോട്ട് പോകുന്നത്.”
“എന്തിനാ പപ്പാ മയ്യിത്ത് കാണുന്നത്?” അവന്റെ അടുത്ത ചോദ്യം. “ മോനെ,അത്
പിന്നെ ആള്‍കാര്‍ മരിച്ചു പോയാല്‍ നമുക്ക് അവരെ പിന്നീട് കാണാന്‍ പറ്റില്ലല്ലോ..
മാത്രവുമല്ല, നമ്മളവിടെ പോയി മരിച്ചവരുടെ ബന്ധുക്കളെ ഒക്കെ കണ്ടു നമ്മളുടെ പ്രസന്‍സും
കണ്ടോളന്‍സും അറിയിക്കണം. അതാണ് നാട്ടുനടപ്പ്!” ഞാന്‍ അവനു മനസ്സിലാവുന്ന
തരത്തില്‍ പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു.
“ശോ.. അതിനാണോ അവര് നമ്മളെ എല്ലാരേയും ബുദ്ധിമുട്ടിച്ചു അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞത്?
ആ അങ്കിള്‍ന്റെ facebook പ്രൊഫൈലില്‍ മരിച്ചു കിടക്കണ ഫോട്ടോ ഇട്ടാല്‍ പോരെ?
നമുക്ക് like അടിച്ചു പ്രസന്‍സും comment ഇട്ടു കണ്ടോളന്‍സും അറിയിക്കാലോ..
പിന്നീട്, എപ്പോ വേണമെങ്കിലും facebook തുറന്നു ആ അങ്കിള്‍നെ കാണുകയും ചെയ്യാം..! വെല്ലിപ്പ
മരിച്ചാ നമുക്ക് അങ്ങനെ ചെയ്യാട്ട..!” ഇതും പറഞ്ഞു PSPയും എടുത്തു നെച്ചു ഓടി
സോഫയില്‍ പോയി ഇരുന്നു.
ആ ആറു വയസ്സുകാരന്‍റെ ന്യൂ ജനറേഷന്‍ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ അകവചിതനായ ഞാന്‍ നിസ്സഹായതയോടെ സബിയെ
നോക്കി.. അവളെന്നെയും.. അവളുടെ നോട്ടത്തിനു ഒരു വിജയിയുടെ ഭാവമുണ്ടായിരുന്നോ? അതോ
സഹതാപമോ??
No comments:
Post a Comment